കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മേയ് 19നും 20നും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത. കൂടാതെ മേയ് 19 മുതൽ 22 വരെ കാലയളവിൽ പല പ്രദേശങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാനുളള സാധ്യതയും കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും തെക്കു പടിഞ്ഞാറൻ ഭാഗത്തുമായി ചക്രവാതച്ചുഴി നിലവിലുണ്ട്. മേയ് 21നോടകം മധ്യ കിഴക്കൻ അറബിക്കടലിലും കർണാടക തീരത്തോട് ചേർന്നുള്ള ഭാഗത്തും ഉയർന്ന നിലയിലെ ചക്രവാതച്ചുഴി രൂപപ്പെടും. ഇത് മേയ് 22നോടെ ന്യൂനമർദ്ദമായി മാറാനും പിന്നീട് വടക്കോട്ട് നീങ്ങി കൂടുതൽ ശക്തിപ്രാപിക്കാനുമാണ് സാധ്യത.
അതേസമയം, തെക്കൻ അറബിക്കടൽ, മാലിദ്വീപ്, കന്യാകുമാരി തീരപ്രദേശങ്ങൾ, ആൻഡമാൻ കടൽ, ആൻഡമാൻ ദ്വീപുകൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലായി കാലവർഷം കൂടുതൽ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്.